ലോകത്തിലെ ഏറ്റവും അപൂര്‍വവും വിലപിടിപ്പുള്ളതുമായ കാപ്പികളിലൊന്നാണ് തായ്ലന്ഡില് ഉത്പാദിപ്പിക്കുന്ന ബ്ലാക്ക് ഐവറി കോഫി. സാധാരണ കാപ്പിയേക്കാള്‍ കയ്പ് കുറവും ചോക്ലേറ്റിന്റെ സ്വാദുമാണ് ഈ കാപ്പിയെ പ്രിയപ്പെട്ടതാക്കുന്നത്. ആരെയും അടിമകളാക്കുന്ന കാപ്പിയുടെ സ്വാദിന്റെ പിന്നിലെ രഹസ്യം എന്താണെന്നു കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകര്‍. ആനയുടെ വയറ്റിലെ ബാക്ടീരിയകളാണ് മനംമയക്കുന്ന സ്വാദിന്റെ പിന്നിലെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ആനയുടെ ഉദരത്തിലെ മാജിക്
തായ്ലന്ഡിലെ ഒരു എലിഫന്റ് സാംഗ്ച്വറിയിലാണ് ഈ പ്രത്യേക കാപ്പി ഉത്പാദിപ്പിക്കുന്നത്. അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പിപ്പഴങ്ങള്‍ ആനകള്‍ക്കു ഭക്ഷണമായി നല്കുന്നു. ആനയുടെ ദഹന പ്രക്രിയ കഴിഞ്ഞു പുറത്തുവരുന്ന പിണ്ടത്തില്നിന്നു കാപ്പിക്കുരുക്കള്‍ വേര്‍തിരിച്ചെടുത്ത് വൃത്തിയാക്കി വറുത്തെടുത്താണ് ബ്ലാക്ക് ഐവറി കോഫി തയാറാക്കുന്നത്. ടോക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസോസിയേറ്റ് പ്രഫസര്‍ തകുജി യമഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നില്‍. കാപ്പിപ്പഴം കഴിക്കുന്ന ആനകളുടെയും അല്ലാത്തവയുടെയും ദഹനവ്യവസ്ഥ അവര്‍ നിരീക്ഷിച്ചു.
കയ്പ്പ് കുറയ്ക്കും ബാക്ടീരിയ
കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന ഘടകമാണ് സാധാരണഗതിയില്‍ കാപ്പി വറുക്കുമ്പോള്‍ അതിനു കയ്പ്പ് നല്‍കുന്നത്. എന്നാല്‍, ആനയുടെ വയറ്റിലുള്ള പ്രത്യേകതരം ബാക്ടീരിയകള്‍ ഈ പെക്റ്റിനെ വന്‍തോതില്‍ വിഘടിപ്പിക്കുന്നു. പെക്റ്റിന്റെ അളവ് കുറയുന്നതോടെ, കുരു വറുത്തെടുക്കുമ്പോള്‍ കയ്പ്പ് അനുഭവപ്പെടുന്നില്ല. ഇതാണ് ബ്ലാക്ക് ഐവറി കോഫിക്ക് രുചി നല്‍കുന്നത്.
വൈവിധ്യമാര്‍ന്ന ബാക്ടീരിയകള്‍
കാപ്പിപ്പഴം കഴിക്കുന്ന ആനകളുടെ വയറ്റില്‍ വൈവിധ്യമാര്‍ന്ന ബാക്ടീരിയകള്‍ കാണപ്പെടുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. കാപ്പിപ്പഴം കഴിക്കുന്നത് ഈ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. മൃഗങ്ങളുടെ ദഹന പ്രക്രിയയും സൂക്ഷ്മജീവികളും ഭക്ഷണത്തിന്റെ രുചിയില്‍ എങ്ങനെയൊക്കെ മാറ്റം വരുത്തുന്നു എന്നതിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. കൃത്രിമമായി ഇത്തരത്തിലുള്ള ബാക്ടീരിയകളെ ഉപയോഗിച്ച് പുതിയ രുചികളിലുള്ള കാപ്പിയും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും നിര്‍മിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിച്ചേക്കാം.
സിവെറ്റ് കോഫി
ഇതുപോലെ പ്രസിദ്ധമായ മറ്റൊരു വിഭാഗം കോഫിയാണ് സിവെറ്റ് കോഫി. ഇതിനെ കൊപ്പി ലുവാക് എന്നും വിളിക്കുന്നു. മേൽപ്പറഞ്ഞ രീതിതന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. പഴുത്ത കാപ്പിപ്പഴങ്ങൾ വെരുകിനെക്കൊണ്ടു തീറ്റിക്കും. പിന്നീട് വെരുകിന്റെ കാഷ്ഠത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന കുരുക്കൾ വറുത്തെടുത്തു കാപ്പിപ്പൊടി തയാറാക്കുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളിലൊന്നാണ് ഇത്. കർണാടകയിലെ കുടകിൽ സിവെറ്റ് കോഫി ഉത്പാദിപ്പിക്കുന്നുണ്ട്.